നമ്മുടെ നോവൽ അപരിചിതവും വെല്ലുവിളി ഉയർത്തുന്നതുമായ പ്രദേശങ്ങളിലേക്കു സഞ്ചരിക്കാൻ തുടങ്ങുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ എന്ന കൃതി. ഒരു ചരിത്ര നോവൽ ആയി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതല്ലെങ്കിലും രണ്ടു സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തിൽ നേരിടുന്നതിലെ സാഹസം ചെറുതല്ല. അടിസ്ഥാനവിവരം എന്ന നിലയിൽ നോവൽ രചനയിൽ മനോജിന് ആശ്രയിക്കാനുണ്ടായിരുന്നത് കുറച്ചു പ്രാചീന കവിതാഗ്രന്ഥങ്ങളും അതിശുഷ്കമായ ചരിത്രത്തെളിവുകളും മാത്രം. വിശപ്പും കാമനകളും ചതിയും അതിജീവനത്വരയും ഉൾപ്പെട്ട മനുഷ്യപ്രകൃതിയും ഭൂപ്രകൃതിയും കാലാവസ്ഥയും ഒഴിച്ചു നിർത്തിയാൽ ഇന്നത്തെ പശ്ചിമ തമിഴ്നാടും മധ്യകേരളവും ഉൾപ്പെട്ട കഥാപ്രദേശത്തിന് സമകാലീന സമൂഹവുമായി ഒരു സാമ്യവുമില്ല. ഈ പരിമിതിയെ മനോജ് അതുല്യമായ പ്രൊഫഷണലിസത്തോടെ മറികടക്കുന്നു. സംസ്കൃതീകരക്കപ്പെടുന്നതിനു മുമ്പുള്ള ഒരു ഭാഷയെയും ലഭ്യമായിടത്തോളമുള്ള ചരിത്രവസ്തുതകളെയും പരിചരിക്കുമ്പോൾ പ്രകടമാകുന്ന സൂക്ഷ്മത നോവലിനെ വ്യത്യസ്തമാക്കുന്നു. ഫോക്കും നാട്ടുഭാഷയും കൈകാര്യം ചെയ്യുമ്പോൾ ആധികാരികത ഹനിക്കപ്പെടുന്നതിന് ഗദ്യത്തിലും പദ്യത്തിലും മലയാളത്തിൽ ഉദാഹരണങ്ങൾ നിരവധിയാണ്. എന്നാൽ, ഭാഗ്യം, മനോജ് ഈ ചതിക്കുഴിൽ വീഴുന്നില്ല.
- Log in to post comments