സൂര്യ കൃഷ്ണമൂർത്തിയുടെ 'മുറിവുകൾ' എന്ന രചനയെക്കുറിച്ചു് എനിക്കുപറയാൻ ഇത്രമാത്രം. ഞാൻ പത്തറുപതു് കൊല്ലത്തിലേറെക്കാലം പ്രസംഗിച്ചതും വിമർശിച്ചതുമെല്ലാം നിസ്സാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കേണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ടമായേനെ!
സുകുമാർ അഴീക്കോട്
അനുഭവബീജങ്ങൾ പൊട്ടിക്കിളിർത്തു് ഈരില വിരിഞ്ഞുനിൽക്കുന്നതിന്റെ ഭംഗിയുള്ള ഈ കുറുങ്കഥകൾ കേൾക്കുമ്പോൾ, 'ഈ മുറിവുകൾ എന്റേതും...' എന്നു് മനസ്സു് മന്ത്രിക്കുന്നു.
ഒ.എൻ.വി.
കല തന്നെ ജീവിതമെന്നു് വിശ്വസിക്കുന്ന ഒരാളുടെ നീണ്ട ജീവിതയാത്രകൾക്കിടയിൽ മനസ്സിലേറ്റ മുറിവുകൾ രേഖപ്പെടുത്തുകയാണു് ഈ ഗ്രന്ഥത്തിൽ കൃഷ്ണമൂർത്തി ചെയ്യുന്നതു്. കാലത്തിനു് ഉണക്കാനാവാതെപോയ പല മുറിവുകളിലും ഇപ്പോഴും ചോര പൊടിയുന്നുണ്ടു്. വായിക്കുമ്പോൾ അതു് നമുക്കു് മനസ്സിലാവുന്നു.
എം.ടി.വാസുദേവൻനായർ
കൃഷ്ണമൂർത്തി തന്റെ പേനകൊണ്ടു് ഗന്ധങ്ങളും സ്മൃതികളും സ്വപ്നങ്ങളുടെ ഉടഞ്ഞ ചില്ലുകളും കയ്പും മധുരവും കലർന്നുലഞ്ഞു ചിതറിക്കിടക്കുന്ന കുറെ നിമിഷങ്ങളുടെ ചിത്രങ്ങൾ വരച്ചുകാട്ടുകയാണു് ഈ കൃതിയിലൂടെ.
സുഗതകുമാരി
ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓർമ്മകളുടെ അടിയൊഴുക്കുകൾകൊണ്ടു് പ്രക്ഷുബ്ധമായ അനുഭവങ്ങളിലൂടെ ഒരാത്മസഞ്ചാരം നടത്തിയതുപോലെയാണു് സൂര്യ കൃഷ്ണമൂർത്തിയുടെ 'മുറിവുകൾ'.
പെരുമ്പടവം
- Log in to post comments