ഗദ്യവും പദ്യവും അടക്കമുള്ള എന്റെ എല്ലാ രചനകളും ജാരസന്തതികളെപ്പോലെയാണു്. ഈ ലോകത്തിലെ ക്രൂരസത്യങ്ങൾ എന്റെ സ്വപ്നങ്ങളുമായുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിൽനിന്നാണു് എന്റെ എഴുത്തുണ്ടായതു്. സമൂഹത്തിൽ ജാരസന്തതിക്കുണ്ടാവുന്ന അനുഭവങ്ങൾതന്നെയാണു് ഇവയ്ക്കുണ്ടാവുകയെന്നും എനിക്കു ബോധ്യമുണ്ടു്. വേറൊരു വാക്കിൽ പറഞ്ഞാൽ സാഹിത്യലോകത്തിന്റെ പീഡനങ്ങളും അവഗണനകളും സഹിക്കേണ്ടിവരുമെന്നു് അറിയാമായിരുന്നു. എന്റെ സ്വപ്നങ്ങൾ എന്തായിരുന്നു എന്നു് വ്യഖ്യാനിക്കേണ്ട ആവശ്യമില്ല. സത്യത്തിൽ, എന്റെ വ്യക്തിജീവിതംതൊട്ടു് ലോകസമൂഹത്തിന്റെവരെ ഉന്നതിയാണു് അതു് ഉൾക്കൊണ്ടിരുന്നതു്. അപ്പോൾ മാത്രമാണു് യാഥാർത്ഥ്യം മനുഷ്യാവസ്ഥയ്ക്കു് അനുഗുണമാകുന്നതു്. ഇതിന്റെ അന്തിമഫലമായി എന്റെ രചനകൾ സങ്കരസൃഷ്ടികൾപോലെ കാറ്റിൽത്തട്ടി പറന്നുകളിക്കുന്നു.
ഈ വരികളിൽ എന്റെ ആത്മകഥ ഒതുങ്ങിയിരിക്കുന്നു.
- Log in to post comments